ലോക ടൂറിസം ദിനം
മലപ്പുറം: തിരക്കുകളെല്ലാം മാറ്റിവച്ച് പച്ചപ്പുകൾക്കിടയിൽ നിശബ്ദമായൊരു സഞ്ചാരം. ചുറ്റിലും ശുദ്ധവായു. തെളിമയാർന്ന അന്തരീക്ഷം. കണ്ടൽക്കാടുകൾക്കിടയിലൂടെ കടലുണ്ടിപ്പുഴയിലെ തോണിയാത്ര. അത് ആസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടുംബസമേതവും സുഹൃത്ത് സംഘമായും ആളുകൾ ഒഴിവുദിനങ്ങളിൽ കടലുണ്ടിയിൽ എത്തുകയാണ്.
കണ്ടൽക്കാടുകൾക്കിടയിലൂടെ കഴുക്കോൽ തുഴഞ്ഞ് നിശബ്ദമായി നീങ്ങുന്ന തോണി യാത്രയിൽ ലഭിക്കുന്നത് വല്ലാത്തൊരു അനുഭൂതി. ഇരുവശവും ഇടതിങ്ങിയ പച്ചപ്പ്. ഇടയ്ക്കിടെ തെളിയുന്ന ചെറുതുരുത്തുകളും അഴിമുഖക്കാഴ്ചകളും. കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിലെ തോണിയാത്ര സഞ്ചാരികൾക്ക് പ്രിയകരമാകുന്നത് ഇങ്ങനെയാണ്. പ്രകൃതിദത്ത അനുഭവം ഇഷ്ടപ്പെട്ട് വീണ്ടും വീണ്ടും എത്തുകയാണ് വിനോദസഞ്ചാരികൾ. തിരക്കുകളിൽനിന്ന് മാറി പുഴയുടെ ശാന്തതയും പക്ഷികളുടെ ചലനങ്ങളും കണ്ടൽക്കാടുകളുടെ പച്ചപ്പും ആസ്വദിച്ചുകൊണ്ടൊരു യാത്ര.
പ്രാന്തൻകണ്ടൽ, കുറ്റിക്കണ്ടൽ, ചുള്ളിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, കണ്ണാംപൊട്ടി, വലിയ ഉപ്പട്ടി, ചെറുള പട്ടി, പൂക്കൽ തുടങ്ങിയ കണ്ടൽ ഇനങ്ങൾ പുഴയോരത്തിന് പച്ചക്കവചമൊരുക്കുന്നത്. വിവിധ തരം മത്സ്യങ്ങൾ, ചെമ്മീൻ, കക്ക തുടങ്ങിയ ജലജീവികളുടെ ആവാസവ്യവസ്ഥ കൂടിയാണിവിടം.
ബ്രാഹ്മിണി പട്ടം, കൊക്കുകൾ, എഗ്രെറ്റുകൾ, കിംഗ് ഫിഷറുകൾ തുടങ്ങിയ പ്രാദേശിക പക്ഷികൾ വർഷം മുഴുവൻ സജീവമാണ്. ശീതകാലത്ത് ദൂരദേശങ്ങളിൽനിന്നെത്തുന്ന ദേശാടനപക്ഷികൾ വേലിയിറക്കത്തിൽ തെളിയുന്ന ചെളിപരപ്പുകളിൽ ഭക്ഷണം തേടിയെത്തും. എന്നാൽ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ പക്ഷികളുടെ വരവിനെയും ബാധിക്കുന്നുണ്ട്. കൂടിവരുന്ന മണൽത്തിട്ടകളും ചില കണ്ടൽ ഇനങ്ങളുടെ അനിയന്ത്രിത വളർച്ചയും ചെളിപരപ്പുകൾ കുറയാനിടയാക്കുന്നു.
അതിനാൽ സംരക്ഷണവും ടൂറിസം വികസനവും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. കമ്യൂണിറ്റി റിസർവ് രൂപീകരിച്ചതോടെ പ്രദേശവാസികൾക്ക് ടൂറിസം പുതിയ വരുമാനമാർഗമായി എന്നതാണ് മറ്റൊരു നേട്ടം. കടകൾ, ഹോംസ്റ്റേകൾ, ബോട്ടുയാത്ര എന്നിവയിലൂടെ നിരവധി കുംടുംബങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു. പുഴയിലുള്ള കനോയ് കിച്ചണ് പോലുള്ള സംരംഭങ്ങളിൽ തനത് പുഴവിഭവങ്ങളായ കല്ലുമ്മക്കായ, മുരു ഇറച്ചി, ഞെണ്ട് തുടങ്ങിയവ ലഭിക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ പ്രകൃതിദത്ത ഭക്ഷണം ലഭിക്കുമെന്നതും ഒഴുകുന്ന കടയിൽ നിന്ന് ഭക്ഷണം കഴിക്കാമെന്നതും വേറിട്ട അനുഭവം തന്നെ.
പുഴയോരക്കടകൾ, പ്രാദേശിക ഭക്ഷണശാലകൾ, കരകൗശല വിപണി എന്നിവ കൂടുതൽ വികസിപ്പിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കേണ്ടതുണ്ട്. പ്രകൃതിക്ക് ആഘാതമുണ്ടാക്കാത്ത തോണിയാത്രയാണ് കമ്യൂണിറ്റി റിസർവിലെ പ്രധാന ആകർഷണം.
പക്ഷിനിരീക്ഷണത്തിനും പ്രകൃതി നിരീക്ഷണത്തിനും സൗകര്യമുണ്ട്. പ്രവേശന ഫീസ് ഒരാൾക്ക് 20 രൂപ. എട്ടുപേർക്ക് സഞ്ചരിക്കാവുന്ന തോണിക്ക് ഒരു മണിക്കൂറിന് 1,000 രൂപയും രണ്ടു മണിക്കൂറിന് 1,500 രൂപയുമാണ് നിരക്ക്.